2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

#അവൾക്കൊപ്പം#


ഭൂരിഭാഗം മതങ്ങളിലും, മതഗ്രന്ഥങ്ങളിലും സ്ത്രീകളെ രണ്ടാതരക്കാരായി മാത്രമാണ് കണ്ടിരുന്നത്.പുരുഷ മേധാവിത്വം തന്നെയാണ് അതിനു കാരണം.ലോകം ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ന് വളരെയധികം പുരോഗതി പ്രാപിച്ചെങ്കിലും ആത്മീയതയും മതങ്ങളും ഇന്ന് പല അനാചാരങ്ങളിലും കുടുങ്ങി കിടക്കുകയാണ് ചെയ്യുന്നത് .ഇതു പറയേണ്ടിവരുന്നത് വളരെ ദുഃഖകരമായ ഒന്നാണ് പക്ഷേ നാളിതുവരെ കഴിഞ്ഞിട്ടും അതിൽ മാറ്റമില്ല.ക്രിസ്തുമതത്തിൻ്റെ പശ്ചാത്തലത്തിൽ ബൈബിളിൽ പോലും സ്ത്രീയെ അബലയും അശുദ്ധയുമായാണ് ചില സ്ഥലങ്ങളിൽ ഗ്രന്ഥകർത്താക്കൾ ചിത്രീകരിച്ചിരിക്കുന്നത്.ചിലപ്പോൾ സാഹചര്യങ്ങളും കാലഘട്ടങ്ങളും പലതായതുകൊണ്ടാവാം പൗലീശ്ളീഹായേ പോലും ഇതുപറയാൻ പ്രേരിപ്പിച്ചത് "വിശുദ്‌ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്‌ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക്‌ അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.
1 കോറിന്തോസ്‌ 14 : 34
പക്ഷേ ക്രിസ്തു ഒരിക്കലും അങ്ങനെ ആയിരുന്നില്ല.ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെ ആകണം അനുകരിക്കേണ്ടത്. യേശു തൻ്റെ ഉത്ഥാനത്തിനു ശേഷം മഗ്ദലന മറിയത്തോടു  (സമൂഹത്തിൻ്റെ മുൻപിൽ പാപിനിയും അശുദ്ധയുമായവൾ)പറയുന്നുണ്ട്.
"യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും എന്‍െറ ദൈവത്തിന്‍െറയും നിങ്ങളുടെദൈവത്തിന്‍െറയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക."
യോഹന്നാന്‍ 20 : 17
എന്നിരുന്നാലും ശക്തരും ധീരരുമായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ബൈബിളിൽ കാണാൻ കഴിയും. പ്രത്യേകിച്ചും യൂദിത്. ഹോളോഫർണസ് നിന്നും ഇസ്രയേൽ ജനത്തെ രക്ഷിക്കുന്നത് പോലും ദൈവം സ്ത്രീകളെ എത്രത്തോളം വിലമതിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ്. യൂദിത് ഇസ്രായേൽ ജനത്തോടു പറയുന്നുണ്ട് "ഇന്നു രാത്രി നിങ്ങള്‍ നഗരകവാടത്തിങ്കല്‍ നില്‍ക്കുവിന്‍. ഞാന്‍ എന്‍െറ ദാസിയുമായി പുറത്തേക്കു പോകും. നഗരം ശത്രുക്കള്‍ക്കു വിട്ടുകൊടുക്കാമെന്നു ജനത്തോടു നിങ്ങള്‍ വാഗ്‌ദാനം ചെയ്‌ത ആദിവസങ്ങള്‍ക്കുള്ളില്‍ കര്‍ത്താവ്‌ എന്‍െറ കൈകൊണ്ട്‌ ഇസ്രായേലിനെ രക്‌ഷിക്കും.
യൂദിത്ത്‌ 8 : 33..
കൂടാതെ പരി. കന്യാമറിയത്തെ രക്ഷകൻ്റെ അമ്മയാകാൻ തിരഞ്ഞടുക്കുന്നതും രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമാക്കുന്നതും ദൈവിക പദ്ധതിയിൽ സ്ത്രീക്കുള്ള സ്ഥാനം എത്ര വലുതാണെന്നാണ് നാം അറിഞ്ഞിരിക്കേണ്ടതാണ്.. കൂടാതെ ബൈബിളിൽ ദൈവത്തിൻ്റെ സ്നേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ മാതൃ സ്നേഹത്തോടെയാണ്  പരാമർശിച്ചിരിക്കുന്നത്.
"മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല".
ഏശയ്യാ 49 : 15
കുരിശിൻ്റെ വഴിയിൽ ക്രിസ്തുവിനെ പിഞ്ചെല്ലിയവർ സ്ത്രീ ജനങ്ങളായിരുന്നു.അവർ ശക്തരായിരുന്നെന്ന് ക്രിസ്തു അറിഞ്ഞിരിന്നു നമുക്കും ആ ക്രിസ്തുവിലേക്ക് വളരാം...