2017, നവംബർ 2, വ്യാഴാഴ്‌ച

പേന പടവാൾ ആക്കിയ ഒരുപാടു പേരെ നമുക്കറിയാം. വിദ്യാഭ്യാസം ലഭിക്കാനായി മലാലയെ പോലുള്ള കുട്ടികൾ താലിബാൻകാർക്ക് എതിരെ പേന എടുത്തതും നമുക്കറിവുള്ളതാണ്. അക്ഷരങ്ങളേയും വാക്കുകളേയും നേരിടാൻ തോക്കുകളാലും ബോംബുകളാലും വരുന്ന തീവ്രവാദത്തേയും ഫാസിസത്തേയും വളരെ ധീരമായി നേരിട്ടു മരണ വരിച്ച മഹത് വ്യക്തികൾ നമുക്കു തരുന്ന സന്ദേശം മരണത്തിനു ശേഷവും നമ്മുടെ ആശയങ്ങൾക്കും അക്ഷരങ്ങൾക്കും സമൂഹത്തിൽ സ്വാധീനം ചെലത്തുവാനും ചിലപ്പോൾ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കാനും കഴിയും. അവർ നമ്മോടാഹ്വാനം ചെയ്യുന്നത് ഇതാണ് "വിദ്യയിലൂടെപ്രബുദ്ധരാവുക". സമാധാനത്തിൻ്റെ മാർഗ്ഗത്തിലൂടെ അനീതിക്കെതിരെ ശബ്ദമുയർത്തുക.
 വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായ ഈ കാലഘട്ടത്തിലാണ് പല നാടുകളിലും അതിനെതിരെ പല  സംഘടനകളും മതങ്ങളും പ്രവർത്തിക്കുന്നത്. സിറിയയിൽ ഏകദേശം ഇരുപത് ലക്ഷത്തോളം കുട്ടികൾക്ക്  ഇന്ന് വിദ്യാഭ്യാസം ലഭിക്കുന്നില്ല. പക്ഷേ ഇതിൽനിന്നെല്ലാം വൃതൃസ്തമാണ് നമ്മുടെ സാഹചരൃങ്ങൾ . എല്ലാം ദാനമായി കിട്ടിയതുകൊണ്ട് വിലയുള്ളതായി പലപ്പോഴും നമുക്കതു തോന്നാറുമില്ല.   നാം പലരോടും കടപ്പെട്ടിരിക്കുന്നു നമ്മുടെ രാജൃത്തോടും ഭരണാധികാരികളോടും സമൂഹത്തോടുപോലും. ഒരു വൃക്തിയുടെ വളർച്ചയെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ് അവൻ്റ് ജീവീത സാഹചരൃങ്ങൾ.
നമ്മുടെ ജീവതത്തിലെ വളർച്ചയുടെ ഘട്ടങ്ങളിൽ വളരെ പ്രധാനപ്പെട്ടതും എന്നാൽ നാം വില കല്പിക്കാത്തതുമായ ചുരുക്കംചില ഘടകങ്ങളിൽ ഒന്നാണ് നാം ചവിട്ടി നടന്ന മണ്ണ്.നീണ്ട ഏഴുവർഷക്കാലം നമ്മുടെ ചവിട്ടേൽക്കേണ്ടവന്ന നവോദയയിലെ  മണ്ണും  നമുക്കായി ഒരുപാടു ഓർമ്മകൾ കരുതിയിട്ടുണ്ടാവും ..എത്രയെത്ര കണ്ണീർ കണങ്ങൾ ആ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവും,എത്രയെത്ര ആഹ്ളാദാരവങ്ങൾ ആ മതിൽക്കെട്ടിൽ അലയടിക്കുന്നുണ്ടാവും ..പലപ്പോഴും സുഖമുള്ള ഓർമ്മകൾ മാത്രമേ നാം ഓർത്തെടുക്കാറുള്ളു പക്ഷേ കഠിനമായ പല ജീവിത സാഹചരൃങ്ങളും നമ്മുടെ വ്യക്തിത്വത്തത്തെ രൂപപ്പെടുത്തുകയായിരുന്നു എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണു ചെയ്യുന്നത്...എന്നിരുന്നാലും നവോദയ സംസ്കാരം ഒരു വെല്ലുവിളി തന്നെയാണു മതത്തിനും ജാതിക്കുമപ്പുറം മനുഷൃത്വത്തിൽ ഊന്നിയുള്ള സമൂഹം പടുത്തുയർത്തുക ഒരുപരിധി വരെ ആ ഉദൃമം വിജയിച്ചു എന്നുതന്നെ പറയാം..
ഭാരതത്തിലുടെനീളം നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക വഴി  ലക്ഷകണക്കിനു കുട്ടികൾക്ക് അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞു. ഇന്ന് അഞ്ഞൂറിൽ പരം നവോദയ വിദ്യാലയങ്ങളുണ്ടെന്നാണു കണക്ക്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ ലഭിക്കുന്ന പരിശീലനം ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിനു വളരെയധികം സ്വാധീനം ചെലുത്താറുണ്ട്.
നമ്മുടെ വിദ്യാലയം നമ്മുടെ സമ്പത്താണ് ഒരിക്കലും നഷ്ടപ്പെടാത്ത സമ്പത്ത്. അതിൽ അഭിമാനം കൊള്ളേണ്ടവരാണു നാമെല്ലാവരും.കൂടാതെ സമൂഹത്തെ നന്മയിലൂടെ നയിക്കാനുള്ള ഉത്തരവാധിത്വവും നമുക്കോരോരുത്തർക്കുമുണ്ട്...ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശ സ്‌ഥലത്തേക്കു തിരികെപ്പോകണം എന്നാണ് ബൈബിളിൽ ലേവൃരുടെ പുസ്തകത്തിൽ ജൂബിലിയെക്കുറിച്ച് പരാമർശിക്കുന്നത്.അവിടെ അൻപതാം വർഷമാണ് ജൂബിലി വർഷമായി ആഘോഷിക്കുന്നത് ഇന്ന് രജത ജൂബിലി,വജ്ര ജൂബിലി പ്ളാറ്റിനം ജൂബിലി തുടങ്ങിയ ജൂബിലി വർഷങ്ങൾ ആഘോഷിക്കാൻ നാം തുടങ്ങി. നമ്മുടെ വിദ്യാലയത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ നമ്മെ വളർത്തിയ വിദ്യാലയത്തേയും അദ്ധ്യാപകരേയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ചെറുതെങ്കിലും നമ്മുടെ കഴിവും സമയവും സമൂഹനന്മക്ക് മാറ്റിവെക്കാം....